
ലണ്ടന്‍: ബ്രിട്ടനിലെ പൊതുപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഡൗണിങ്ങ് സ്ട്രീറ്റിലെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ് ആന്‍ഡി കോള്‍സണ്‍ ജോലിയില്‍ തുടരുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്ററായിരുന്ന കാലത്താണ് കോള്‍സണും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പെടുന്നത്. വാര്‍ത്തകള്‍ക്കായി തങ്ങളുടെ ഫോണ്‍ ടാപ്പ് ചെയ്തതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ മന്ത്രി ടെസ്സാ ജോവല്‍ തന്റെ ഫോണ്‍ 28 തവണ ടാപ്പ് ചെയ്യപ്പെട്ടതായി പരാതിപ്പെട്ടിരുന്നു.
കോള്‍സണ്‍ ജോലിയില്‍ നിന്ന് രാജിവെയ്ക്കില്ലെന്നും അദ്ദേഹത്തെ പുറത്താക്കില്ലെന്നും ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. വേള്‍ഡ് ന്യൂസിന്റെ എഡിറ്ററായിരിക്കുമ്പോള്‍ തന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്ന വാര്‍ത്ത കോള്‍സണ്‍ നിഷേധിച്ചു. ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റിനെതിരെ നടത്തുന്ന പടയൊരുക്കങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മന്ത്രിയായ അലന്‍ ഡങ്കന്‍ ആരോപിച്ചു.
ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ റോയല്‍ എഡിറ്റര്‍ ക്ലീവ് ഗോഡ്മാനെ ഫോണ്‍ ചോര്‍ത്തുന്നതിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് ജയിലിലടച്ചിരുന്നു. ആന്‍ഡി കോള്‍സണിനെതിരെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ലേബര്‍പാര്‍ട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് കരുതുന്നു. ഡൗണിങ്ങ് സ്ട്രീറ്റിലെ കമ്മ്യൂണിക്കേഷന്‍ ഹെഡായ ആന്‍ഡി കോള്‍സണ്‍ ആണ് ഡൗണിങ്ങ് സ്ട്രീറ്റിലെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. മാത്രമല്ല ആന്‍ഡി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ അടുത്തയാളുമാണ്.