
ലണ്ടന്‍: കളിപ്പാട്ടങ്ങളുമായി കൂട്ടുകൂടേണ്ട പ്രായത്തില്‍ ഓസ്‌കാര്‍ സെല്‍ബി എന്ന ഏഴുവയസ്സുകാരന്റെ മനസ്സില്‍ കണക്കിലെ സൂത്രവാക്യങ്ങള്‍ മാത്രം. കണക്കില്‍ അസാമാന്യ പ്രതിഭയായ ഈ കുട്ടി ഇതിനിടെ ബ്രിട്ടന്റെ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ നേരെയാക്കാന്‍ ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണിന് ഉപദേശവും കൊടുത്തുകഴിഞ്ഞു. ഏഴുവയസ്സേ പ്രായമുളളുവെങ്കിലും സെല്‍ബിയുടെ കൈയ്യിലിരുപ്പ് ഈ മുതിര്‍ന്നവരുടേതാണ്.
കഴിഞ്ഞയാഴ്ച നടന്ന ജി.സി.എസ്.ഇ.യുടെ കണക്ക് പരീക്ഷയില്‍ എ പ്ലസ് ഗ്രേഡാണ് ഒസ്‌കാര്‍ നേടിയെടുത്തത്. 14 വയസ്സിന് മുകളിലുളള കുട്ടികളാണ് സാധാരണയായി ജിസിഎസ്ഇ പരീക്ഷയ്ക്കിരിക്കുന്നതെന്നു കൂടി അറിയുമ്പോഴെ ഒസ്‌കാറിന്റെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാകു. സറേയിലെ സ്റ്റാംഫോഡ് ഗ്രീന്‍ െ്രെപമറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ഓസ്‌കാര്‍ അതിനൊപ്പം ഹെര്‍ട്‌ഫോഡ്‌ഷെറിലെ റൈഡ് ടീച്ചിംഗ് സര്‍വീസിലും കണക്കിലെ പ്രതിഭ മിനുക്കിയെടുക്കുന്നുണ്ട്.
ബ്രിട്ടനിലെ ഏറ്റവും വിഷമം പിടിച്ച ഗണിതപ്രശ്‌നം 17,000 കോടി പൗണ്ടിന്റെ ബജറ്റ് കമ്മി പരിഹരിക്കാന്‍ ലളിതമായ ഉപദേശമാണ് ഓസ്‌കാര്‍ സെല്‍ബി നല്‍കിയത്. നികുതിദായകരുടെ പണം കൊണ്ട് ബാങ്കുകളെ സഹായിക്കുന്നതിനു പകരം മുന്‍കാലങ്ങളിലെ വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കുക. വൃദ്ധരുടെ പരിചരണത്തിനും ക്ഷേമത്തിനുമായി കൂടുതല്‍ പണം നീക്കിവയ്ക്കുക. പാകിസ്താനിലെ പ്രളയം പോലെയുള്ള ദുരിതങ്ങളില്‍ ഉഴലുന്നവര്‍ക്കായി സഹായമെത്തിക്കുക. തൊഴിലവസരങ്ങളാണ് രാജ്യത്തിനാവശ്യം; അതു സൃഷ്ടിക്കാന്‍ നടപടിയെടുക്കുക, ആഗോളതാപനം തടയാനുള്ള ശ്രമങ്ങളില്‍ പിശുക്കു കാട്ടാതിരിക്കുക... ഇങ്ങനെ പോകുന്നു സെല്‍ബിയുടെ ഉപദേശങ്ങള്‍.
ചാന്‍സലറെ ഉപദേശിക്കാന്‍മാത്രം വളര്‍ന്നെങ്കിലും രാഷ്ട്രീയം ഓസ്‌കാറിന്റെ മോഹങ്ങളിലില്ല. ഇന്ധനമില്ലാതെ ഓടുന്ന കാര്‍ അതാണ് പയ്യന്റെ സ്വപ്‌നം.