
ലണ്ടന്‍: കൈയിയലിരിക്കുന്ന ഫോണിലൂടെ രോഗിയുടെ ഹൃദയമിടിപ്പ്് തൊട്ടെടുക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുത്തു. പുതുതായി വികസിപ്പിച്ചെടുത്ത ഐഫോണ്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ രോഗിയുടെ ഹൃദയമിടിപ്പ് അളക്കുന്നത്. ബ്രിട്ടിനിലെ ആശുപത്രികളില്‍ വ്യാപകമായി ഈ സങ്കേതം ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു.
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഗവേഷകനായ പീറ്റര്‍ ബെന്റ്‌ലി വികസിപ്പിച്ചെടുത്ത 'ഐസ്‌റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്‍' ആണ് മൊബൈലിനെ സ്‌റ്റെതസ്‌കോപ്പായി മാറ്റുന്നത്. ഫോണിലെ മൈക്രോഫോണിനെ ഹൃദയമിടിപ്പ് പിടിച്ചെടുക്കാന്‍ കഴിവുള്ള സെന്‍സറുകളാക്കി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാറ്റാം. അത് കാര്‍ഡിയോഗ്രാമായി ഫോണില്‍ തെളിഞ്ഞു കാണുകയും ചെയ്യും. ഹൃദയമിടിപ്പ് മാത്രമല്ല ചുറ്റുമുളള നേര്‍ത്ത ശബ്ദങ്ങളും പിടിച്ചെടുക്കാന്‍ ഈ സ്മാര്‍ട്ട്‌ഫോണിന് കഴിയും.
ഹൃദ്രോഗ ചികിത്സയില്‍ ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പുതിയ സ്‌ങ്കേതം. ഐഫോണിന്റെ മൈക്രോഫോണ്‍ ഭാഗം നെഞ്ചില്‍ ചേര്‍ത്തു പിടിച്ചാല്‍ കാര്‍ഡിയോഗ്രാം ഫോണില്‍ തെളിഞ്ഞു വരും. രോഗിക്കു തന്നെ വേണമെങ്കില്‍ ഇത് ചെയ്യാം, എന്നിട്ട് ഈ ദൃശ്യങ്ങള്‍ ഒരു സ്‌പെഷലിസ്റ്റിന് അയച്ചുകൊടുത്ത് ഉപദേശം തേടാം. അടിയന്തിരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഇതു സഹായിക്കുമെന്ന് സാരം. ഐഫോണ്‍ പോലെ ക്യാമറകളും ഉന്നത നിലവാരമുള്ള മൈക്രോഫോണുകളും സെന്‍സറുകളുമൊക്കെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആരോഗ്യമേഖലയില്‍ വലിയ പ്രയോജനം ചെയ്യാനാകുമെന്നാണ് ഐസ്‌റ്റെതസ്‌കോപ്പ് വ്യക്തമാകുന്നത്.
തമാശക്കായാണ് ബെന്റ്‌ലി ഐ സ്‌റ്റെതസ്‌കോപ്പിന് രൂപം നല്‍കിയതെങ്കിലും കളികാര്യമായന്നാണ് ഇന്റര്‍നെറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തിലേറെപ്പേര്‍ ബെന്റ്‌ലിയുടെ ഐഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ഐസ്‌റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്റെ സൈറ്റില്‍ നിന്ന് ദിവസവും അഞ്ഞൂറ് ഡൗണ്‍ലോഡ് നടക്കുന്നുണ്ട്.